Various Certificates - Govt. Order
GO(P) No. 1/2021/PIE&MD Dated: 07/10/2021 ഉത്തരവ് പ്രകാരം
- മൈനോരിറ്റി സർട്ടിഫിക്കറ്റ് :
വില്ലേജ് ഓഫീസർ / തഹസിൽദാർ എന്നിവരാണ് അഡ്മിഷൻ കാര്യങ്ങൾക്കായി മൈനോരിറ്റി സർട്ടിഫിക്കറ്റ് നിലവിൽ നൽകിയിരുന്നത്. അപേക്ഷകന്റെ SSLC ബുക്ക് / വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഈ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അല്ലാത്തപക്ഷം, വില്ലേജ് ഓഫീസർ / തഹസിൽദാർ ഓൺലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷ 5 പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കേണ്ടതാണ്. അപേക്ഷകൻ സത്യവാങ്മൂലം കൂടി സമർപ്പിക്കേണ്ടതാണ്. 04/04/2022ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 3 വർഷമായിരിക്കും മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി. (04/04/2022ലെ പുതിയ ഉത്തരവ് ഏറ്റവും താഴെ).
- ജാതി സർട്ടിഫിക്കറ്റ് :
നിലവിൽ വില്ലേജ് ഓഫീസർ / തഹസിൽദാർ എന്നിവരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. എസ്.എസ്.എൽ.സി ബുക്ക് / വിദ്യാഭ്യാസ രേഖ ഉൾപ്പെടെ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. അപേക്ഷകന്റെ എസ്.എസ്.എൽ.സി ബുക്ക് / വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയത് വില്ലേജ് ഓഫീസർ / തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് പകരമായി അടിസ്ഥാന രേഖയായി പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽ പെട്ടവർ ആണെങ്കിൽ അവരുടെ / അവരിലൊരാളുടെ എസ്.എസ്.എൽ.സി ബുക്ക് / വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ് :
വില്ലേജ്
ഓഫീസറുടെ പക്കൽ താഴെ പറയുന്ന 6 രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാലാണ്
നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിലവിൽ ലഭ്യമാക്കിയിരുന്നത്. താമസ
സ്ഥലത്തിനുള്ള തെളിവ്, 5 വർഷം തുടർച്ചയായി താമസിക്കുന്നതിന്റെ തെളിവ്, ജനന
സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്,
രക്ഷാകർത്താക്കളുടെ സ്‌കൂൾ സർട്ടിഫിക്കറ്റ്, അഡ്ഡ്രസ്സിനുള്ള തെളിവായി
വോട്ടർ കാർഡ്, പാസ്‌പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബില്ല്,
ടെലിഫോൺ ബില്ല്.
വില്ലേജ്
ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഒഴിവാക്കി കേരളത്തിൽ
ജനിച്ചിട്ടുള്ള ആളുകൾക്ക് ജനന സർട്ടിഫിക്കറ്റോ 5 വർഷം കേരളത്തിലെ
വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ, കൂടാതെ സത്യപ്രസ്താവനയും
ഉണ്ടെങ്കിൽ നേറ്റീവ് ആയി പരിഗണിക്കാം. കേരളത്തിന് പുറത്ത് ജനിച്ചിട്ടുള്ള
ആളുകൾക്ക് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് തന്നെ വേണം. അപേക്ഷ ഓൺലൈനായി
സ്വീകരിക്കേണ്ടതും, സ്വീകരിച്ച് 5 പ്രവൃത്തി ദിവസത്തിനുള്ളിൽ
തീരുമാനമെടുക്കേണ്ടതുമാണ്.
- റസിഡൻസ് സർട്ടിഫിക്കറ്റ് :
ആധാർ കാർഡോ, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി സ്വീകരിക്കാം. മേൽ രേഖകൾ ഇല്ലാത്തവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നു.
- ലൈഫ് സർട്ടിഫിക്കറ്റ് :
വില്ലേജ് ഓഫീസർ, തഹസിൽദാർ, ഗസറ്റഡ് ഓഫീസർ എന്നിവരാണ് നിലവിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. കിടപ്പു രോഗിയാണെങ്കിൽ വീട്ടിൽ പോയി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വ്യവസ്ഥ. റേഷൻ കാർഡ്, തിരിച്ചറിയൽ രേഖ എന്നിവ ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തെളിവായി ഹാജരാക്കേണ്ടതുണ്ട്.
അതിനു പകരം, കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള 'ജീവൻ പ്രമാൺ' എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്.
- One and Same Certificate :
നിലവിൽ വില്ലേജ് ഓഫീസർ വിവിധ പേരുകളുള്ള രേഖകൾ, വിവിധ അഡ്രസുകളുളള രേഖ, സ്വയം സാക്ഷ്യപത്രം, അയൽവാസിയുടെ സാക്ഷ്യപത്രം എന്നിവയാണ് ഇത് ലഭ്യമാക്കാൻ വേണ്ടി നിഷ്കർഷിക്കുന്നത്. ഇത് നിർത്തലാക്കി വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.
Certficate Format: Click Here
- ബന്ധുത്വ (Relationship) സർട്ടിഫിക്കറ്റ് :
റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്സ്‌പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഒന്ന് പരിശോധിച്ചാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. മേല്പറഞ്ഞ രേഖകളിലേതെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറോ തഹസിൽദാരോ നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
- കുടുംബ അംഗത്വ സർട്ടിഫിക്കറ്റ് :
നിലവിൽ സർട്ടിഫിക്കറ്റ് നൽകാൻ താഴെ പറയുന്ന രീതിയാണ് സ്വീകരിക്കുന്നത് :
- കുടുംബമെന്നാൽ, അപേക്ഷകൻ, ഭാര്യ / ഭർത്താവ്, കുട്ടികൾ, ദത്തെടുത്ത കുട്ടികൾ, അപേക്ഷകന് / അപേക്ഷകയോടൊപ്പം താംസയ്ക്കുന്ന അച്ഛനമ്മമാർ എന്നിവരാണ്.
- പ്രത്യേകമായി താമസിക്കുന്ന മക്കൾ കുടുംബപരിധിയിൽ കണക്കാക്കില്ല.
- കുടുംബാംഗങ്ങളുടെ പ്രായം, ബന്ധം തുടങ്ങിയവ സർട്ടിഫിക്കറ്റിലുണ്ടാവും.
- റേഷൻ കാർഡ്, സത്യവാങ്മൂലം, അയൽപക്കകാരന്റെ പ്രസ്താവന എന്നീ രേഖകളാണ് വില്ലേജ്ഓഫീസർ ആവശ്യപ്പെടാറുള്ളത്.
- റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള പേരുകൾ കുടുംബത്തിലെ കുടുംബത്തിലെ അംഗങ്ങളായി കണക്കാക്കാം.
മേൽപറഞ്ഞ രീതി ഒഴിവാക്കി താഴെ പറയുന്ന ഭേദഗതി വരുത്തുന്നു.
അപേക്ഷകന്റെ റേഷൻ കാർഡിൽ കുടുംബാംഗളുടെയെല്ലാം പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ റേഷൻ കാർഡ് തന്നെ കുടുംബാംഗത്വാ സർട്ടിഫിക്കറ്റിന് പകരമായി സ്വീകരിക്കാം. അല്ലാത്തപക്ഷം വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നു.
- ഐഡന്റിഫിക്കേഷൻ (Identification) സർട്ടിഫിക്കറ്റ് :
ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ്, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ യാതൊരു രേഖയുമില്ലാത്ത പൗരൻ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി വില്ലേജ് ഓഫീസറുടെ മുമ്പാകെ ഹാജരായി ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് വാങ്ങണം എന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്.
ഒരു തിരിച്ചറിയൽ രേഖയുമില്ലാത്ത പൗരൻ ഗസറ്റഡ് ഓഫീസർ നൽകുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.
- മിശ്രവിവാഹ (Inter caste) സർട്ടിഫിക്കറ്റ് :
താഴെ പറയുന്ന ആവശ്യങ്ങൾക്കാണ് മിശ്ര വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത് :
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ധനസഹായം ലഭിക്കാൻ, പ്രഫഷണൽ കോഴ്‌സുകൾക്ക് അഡ്മിഷൻ ലഭിക്കാൻ, സ്ഥലംമാറ്റങ്ങൾക്ക്.
വില്ലേജ് ഓഫീസർ റേഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, രക്ഷിതാക്കളുടെ എസ്.എസ്.എൽ.സി ബുക്ക്, വിവാഹ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
ഭാര്യയുടെയും ഭർത്താവിന്റെയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ / വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശ സ്ഥാപനമോ നൽകിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ ആയത് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കാം. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കാം. ഇതോടൊപ്പം ഒരു സത്യവാങ്മൂലം കൂടി നിഷ്‌കർഷിക്കുന്നു.
- ലൊക്കേഷൻ മാപ്പ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് :
വായ്പക്കും മറ്റ് ആവശ്യങ്ങൾക്കും വില്ലേജ് ഓഫീസറാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്.
ഓരോ വില്ലേജിലും ഡിജിറ്റൽ സർവ്വെ പൂർത്തിയാകുന്ന മുറയ്ക്ക് പ്രസ്തുത സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലാതായിത്തീരുന്നതാണ്.
- ആഭ്യന്തര വകുപ്പ് അറ്റസ്റ്റേഷൻ :
നിലവിൽ വിദേശത്തേക്ക് പോകുന്ന തൊഴിലന്വേഷകർക്ക് എംബസികളിൽ ഹാജരാക്കാൻ ഒറിജിനൽ സർട്ടിഫിക്കറ്റുകളിൽ ആഭ്യന്തര വകുപ്പിന്റെ സാക്ഷ്യപ്പെടുത്തലുകൾ ആവശ്യമാണ്. ഗൾഫ് രാജ്യങ്ങളിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും പോകുന്നവർക്ക് നോട്ടറിയുടെ സാക്ഷ്യപ്പെടുത്തരത്തിൽ കൗണ്ടർ സൈൻ ചെയ്യുന്ന സമ്പ്രദായമാണുള്ളത്. യൂറോപ്പ്, ആഫ്രിക്ക, യു.എസ്.എ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ രേഖകൾ ഇന്റലിജൻസ് വിഭാഗത്തിന് പരിശോധനയ്ക്ക് നൽകുകയും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് സാക്ഷ്യപ്പെടുത്തൽ നടത്തുകയുമാണ് ചെയ്യുന്നത്. ഇത് ധാരാളം കാലതാമസമുണ്ടാകും.
ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം വിദേശത്തേക്ക് പോകുന്ന തൊഴിലന്വേഷകർക്ക് നൽകുന്നതാണ്. സർവ്വകലാശാലകൾ, പരീക്ഷ ഭവൻ, ഹയർ സെക്കന്ററി വിഭാഗം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യം നൽകുന്നതാണ്. ഇവർക്ക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഓൺലൈനായി പരിശോധിക്കാൻ കഴിയും. 14 ജില്ലകളിലും ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിന് ചുമതലപ്പെടുത്തുന്നു. പരിശോധിച്ച ശേഷം അറ്റസ്റ്റേഷൻ പൂർത്തീകരിച്ചു സേവനം ലഭ്യമാക്കേണ്ട വ്യക്തിയെ മുൻകൂട്ടി അറിയിച്ച് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.
Order No: GO(P) No. 1/2021/PIE&MD Dated: 07/10/2021
---------------------------------------------
Minority Certificate Validity - 3 Years : Order 04/04/2022
Self Attested Copy - Order: Click Here