2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്ന സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത്. 5 വർഷം നടപ്പാക്കിയ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ തുടരാനുള്ള ജനവിധിയാണ് 2021ലേത്. 2016 മുതൽ ഇതുവരെ 10 വർഷത്തോളം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. ഒരോ വർഷവും നടപ്പാക്കുന്ന കാര്യങ്ങൾ പ്രോഗ്രസ്സ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർക്കാരിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്.
2021ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാണ് അതിദാരിദ്രം പൂർണ്ണമായി നിർമാർജ്ജനം ചെയ്യുക എന്നത്. ഇപ്പോൾ ആ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. ഈ കേരളപ്പിറവി ദിനത്തിൽ രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര മുക്ത സംസ്ഥാനമായി ഔപചാരികമായി കേരളം ഉയർത്തപ്പെടുകയാണ്. ലോകത്തിൽ തന്നെ അപൂർവ്വം ചില പ്രദേശങ്ങൾ മാത്രമെ ഇത്തരത്തിൽ അതിദാരിദ്ര്യ മുക്തമായിട്ടുള്ളു ആ പട്ടികയിലേക്ക് കേരളവും ചേർക്കപ്പെടുകയാണ്. സമൂഹത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നവരുടെ കൈപിടിച്ച് ഉയർത്തുക എന്ന മഹത്തായ ലക്ഷ്യമാണ് നാം നേടുന്നത്. ഇത് ലോകമാകെ അംഗീകരിക്കുന്ന കേരള മാതൃകയ്ക്ക് കൂടുതൽ തിളക്കം നൽകുന്ന നേട്ടമാണ്. 
കേന്ദ്ര സർക്കാർ സാമ്പത്തികമായി ഉപരോധം തീർത്തു ഞെരുക്കാൻ ശ്രമിക്കുമ്പോഴും ഒട്ടേറെ വ്യാജപ്രചാരണങ്ങളിലൂടെ വലതുപക്ഷം സർക്കാരിനെ തകർക്കാൻ ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ചാണ്  ഈ നേട്ടങ്ങൾ നാം കൈവരിക്കുന്നത്. നമ്മുടെ വികസന മാതൃക കേവലം സാമ്പത്തിക കണക്കുകളുടേതല്ല, അത് മാനവികതയിൽ അധിഷ്ഠിതമാണ്. 
സർക്കാരിന് മുന്നിൽ പലതരത്തിൽ ഉണ്ടായ തടസ്സങ്ങളും പ്രതിസന്ധികളും ഇവിടെ വിശദീകരിക്കുന്നില്ല. എന്നാൽ അവയെ എല്ലാം മറികടന്ന് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിൻറെ ഭാഗാമായി ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 
സ്ത്രീ സുരക്ഷാ പദ്ധതി :
    ഒന്നാമത്തേത് സ്ത്രീ സുരക്ഷയ്ക്ക്     പുതിയ പദ്ധതി ആരംഭിക്കുന്നതാണ്. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കും. 
35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000/ രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും.  31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.
യുവതലമുറക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് :
    വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപെന്റ് / സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ   18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക്  പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
കുടുംബശ്രീ എ.ഡി.എസുകൾക്കുള്ള പ്രവർത്തന ഗ്രാൻ്റ് :
    1997ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തിൽ കേവല ദാരിദ്ര്യനിർമാർജനത്തിനായി കേരള സർക്കാർ രൂപം നൽകിയ 'കുടുംബത്തിൻറെ ഐശ്വര്യം' എന്ന് അർത്ഥം വരുന്ന കുടുംബശ്രീ പദ്ധതി ഇന്ന്  കേരള സംസ്ഥാനത്താകമാനം വ്യാപിച്ചു കിടക്കുന്ന വനിതകളുടെ ഒരു കമ്മ്യൂണിറ്റി ശൃംഖലയായി വളർന്നിരിക്കുകയാണ്. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെയുള്ള ത്രിതല സംഘടനാ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണ്. അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ഇതിൻറെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടങ്ങൾ. പ്രാദേശിക തലത്തിൽ 10 മുതൽ 20 വനിതകളെ ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നത്. ഒരു തദ്ദേശഭരണ പ്രദേശത്തെ ഓരോ വാർഡിലേയും അഫിലിയേഷൻ നേടിയിട്ടുള്ള അയൽക്കൂട്ടങ്ങളുടെ സംയോജിത രൂപമാണ് എ.ഡി.എസ്. കേരളത്തിലെ എല്ലാ വാർഡിലും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകൾക്ക് എ.ഡി.എസ് (ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി)കൾക്കുള്ള പ്രവർത്തന ഗ്രാൻറ് ആയി പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിക്കുകയാണ്. പ്രതിവർഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്. 
ഇത് മൂന്നും പുതിയ പദ്ധതികളാണ്. നവകേരളസദസ്സ,് സംസ്ഥാനത്ത് ആകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദപരിപാടികൾ, അതിൻറെ ഭാഗമായിയുള്ള ചർച്ചകൾ ഇങ്ങനെ വലിയ ഒരു പ്രക്രിയയിലൂടെയാണ് ഈ തീരുമാനങ്ങളിലേക്ക് എത്തിയത്. പുതിയ പദ്ധതികൾക്ക് പുറമേ നിലവിലെ ആനുകൂല്യങ്ങളും പദ്ധതികളും പരിഷ്കരിക്കണമെന്നും സർക്കാർ കാണുന്നു. 
സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക്  കൈത്താങ്ങ് എന്ന നിലക്കാണ് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്.  സാമൂഹ്യ സുരക്ഷ പെൻഷനുകൾ/ക്ഷേമനിധി ബോർഡ് പെൻഷനുകൾ/സർക്കസ്-അവശ കലാകാര പെൻഷനുകൾ എന്നിവ നിലവിൽ പ്രതിമാസം 1,600 രൂപയാണ്. ഈ തുക മുടക്കം കൂടാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെ പ്രയാസകരമായ ദൗത്യമാണ്, അത് മുടങ്ങാതെ നിറവേറ്റാൻ അതീവശ്രദ്ധയും ജാഗ്രതയുമാണ്  സർക്കാർ പുലർത്തിയത്. ഒരു ഗഡുപോലും അനിശ്ചിതമായി കുടിശിക ആകാതിരിക്കാൻ ശ്രദ്ധിച്ചു. ഏത് പ്രതിസന്ധിവന്നാലും പെൻഷൻ തുക നൽകുമെന്ന് ദൃഢനിശ്ചയം എടുത്തു. ഇപ്പോൾ  സർക്കാർ നിലവിലെ പ്രതിമാസ പെൻഷൻ 400 രൂപ കൂടി ഉയർത്തി പ്രതിമാസം 2,000 രൂപയായി വർദ്ധിപ്പിച്ചതായി പ്രഖ്യാപിക്കുകയാണ്. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.
സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർക്കുള്ള ഡി.എ/ ഡി.ആർ :
    സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡി.എ - ഡിആർ കുടിശ്ശിക  ഈ സാമ്പത്തിക വർഷത്തിൽ 2 ഗഡു നൽകിയിട്ടുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിൻറെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ഒരു ഗഡു ഡി.എ - ഡിആർ കൂടി അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയാണ്. മുൻ ഗഡുക്കളിൽ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 4% ആയി നവംബർ മാസത്തില് വിതരണം ചെയ്യുന്ന ശമ്പളം/പെന്ഷനോടൊപ്പം നൽകും.  
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക :    
    സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ഈ വർഷം നൽകിയിട്ടുണ്ട്.  മൂന്നും നാലും ഗഡുക്കൾ ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും.  2026 ഏപ്രിൽ 1 നു ശേഷം ഈ കുടിശ്ശിക തുക പി.എഫിൽ ലയിപ്പിക്കുന്നതാണ്. പി.എഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ 1 നു ശേഷം നൽകും. 
അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം :
    അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം  വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു. 66,240 പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. ഈ ഇനത്തിലെ പ്രതിവർഷം  934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.   ഇതിന് മുമ്പ് 2024ൽ ഓണറേറിയം വർദ്ധിപ്പിച്ചിരുന്നു. 
സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ)  ഓണറേറിയം :    
    സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും.  ഈ ഇനത്തിലെ പ്രതിവർഷം 5.5 കോടി രൂപയാണ് അധികമായിചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും. 
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം :
    ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും.  26,125 പേർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിലെ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.  
പാചകത്തൊഴിലാളികളുടെ ഓണറേറിയം :
    സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ്  ഉള്ളത് . ഇവരുടെ പ്രതിദിന കൂലി വർദ്ധിപ്പിക്കും 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക.  പ്രഖ്യാപിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക. 
പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനം:   
    പ്രീ പ്രൈമറി റ്റീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000/  രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 5.72 കോടി രൂപയാണ് അധികമായി ചെലവ് വരുക. 
ഗസ്റ്റ് ലക്ച്ചറർമാരുടെ വേതനം :
    ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ  വേതനം പരമാവധി 2000 / രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 2.07 കോടി രൂപയാണ് ചെലവ് വരുക. 
റബ്ബർ സബ്സിഡി :
    റബ്ബർ ഉൽപാദന ഇൻസെൻറീവ് പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് നൽകി വരുന്ന റബ്ബറിൻറെ താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും. 
ഈ പദ്ധതികളും ആനുകൂല്യങ്ങളും  കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിരമായി നടപടികൾ സ്വീകരിക്കും.
ഇത്രയും കാര്യങ്ങളാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുള്ളത്. 
കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കത്തിൻറെ പശ്ചാത്തലത്തിലും ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സർക്കാർ മുഖ്യമായി കാണുന്നത്. അതുകൊണ്ടാണ് എല്ലാ പ്രയാസങ്ങളെയും മാറ്റിവച്ച് ഈ വർദ്ധിച്ച ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകുന്നത്. 
ഇതിന് പുറമേ മറ്റ് ചില നടപടികൾ കൂടി ഇവിടെ അറിയിക്കുകയാണ്. 
കേരള നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക കൊടുത്തുതിർക്കും. ഇതിനായി 992 കോടിരൂപയാണ് ആവശ്യം വരുന്നത്. ഇത് കണ്ടെത്താൻ വായ്പയെടുക്കും. 
കേരള അംഗൻവാടി വർക്കേഴ്സ് ആൻറ് ഹെൽപ്പേഴ്സ് ക്ഷേമനിധി പെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കും. 24.6 കോടിരൂപയാണ് ഇതിന് വേണ്ടത്. ഈ തുക അധിക അംശദായമായി സർക്കാർ ഈ വർഷം നൽകും.
------------
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മൂല്യനിര്‍ണയം ഏപ്രിൽ 12 മുതൽ 19 വരെ. മെയ് 8ന് ആയിരിക്കും എസ്എസ്എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനം.
 മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാർത്താ സമ്മേളനം.
 മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാർത്താ സമ്മേളനം.