കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും, ഇടിമിന്നലിനും സാധ്യതയുള്ളതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുള്ളതിനാൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ ഓഫീസുകളും ചുവടെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ് :
- സംസ്ഥാനത്ത് സ്കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ മുന്നറിയിപ്പുകളും, നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
- ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും, മരങ്ങളിൽ ഇടിമിന്നൽ ഏറ്റ് അപകടങ്ങൾ ഉണ്ടാകുവാനും സാധ്യത ഉള്ളതിനാൽ അപകടകരമായ മരങ്ങൾ, ചില്ലകൾ എന്നിവ മുറിച്ചു മാറ്റി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനാദ്ധ്യാപകരുടെ ഉത്തരവാദിത്വമാണ്.
- ശക്തമായ മഴയും കാറ്റും ഉള്ളപ്പോൾ കുട്ടികളെ ക്ലാസ് മുറികളിൽ നിന്നും പുറത്ത് ഇറങ്ങി കളിക്കുവാൻ അനുവദിക്കരുത്. മൈതാനങ്ങളിൽ കളിക്കുവാൻ വിടുന്നത് ഒഴിവാക്കേണ്ടാതാണ്.
- ഇടിമിന്നലിനെ സംബന്ധിച്ച് അധ്യാപകരിലും വിദ്യാർത്ഥികളിലും ജീവനക്കാർക്കും ശാസ്ത്രീയ അവബോധം സൃഷ്ടിക്കേണ്ടതാണ്.
- വിദ്യാർത്ഥികളെ ഇടിമിന്നൽ സുരക്ഷാ നടപടികൾ അധ്യാപകർ പരിശീലിപ്പിക്കേണ്ടതാണ്.
- വൈദ്യുതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ സ്കൂളിലേക്ക് വരുന്ന ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ കുട്ടികൾ ഇറങ്ങാതിരിക്കുന്നതിനുള്ള ബോധവൽക്കരണം അവർക്ക് നൽകേണ്ടതാണ്.
- സ്കൂൾ കുട്ടികളിലൂടെ രക്ഷിതാക്കളിലേക്കും മഴക്കെടുതിയെയും, ഇടിമിന്നലിനെക്കുറിച്ച് ബോധവൽക്കരണം നടപ്പിലാക്കാൻ വേണ്ട നടപടികൾ പ്രധാനാധ്യാപകർ സ്വീകരിക്കേണ്ടതാണ്.
- ഇടിമിന്നൽ ഏറ്റ് കഴിഞ്ഞാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ പരിശീലനം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നൽകേണ്ടതാണ്.
- ശക്തമായ കാറ്റും, മഴയും ഉള്ള അവസരത്തിൽ കുട്ടികളെ അത്യാവശ്യ സാഹചര്യത്തിൽ അധ്യാപകരുടെ അനുവാദത്തോടെ മാത്രം പുറത്ത് പോകുന്നതിന് അനുവദിക്കുക.
- സ്കൂൾ പരിസരത്ത് നിൽക്കുന്ന മതിലുകൾ, സുരക്ഷിതമല്ലാത്ത മറ്റ് കെട്ടിടങ്ങൾ എന്നിവ ഇടിഞ്ഞ് വീണ് കുട്ടികൾക്ക് അപകടം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ട തുടർനടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്.
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അപകട സാധ്യതകളെപ്പറ്റി മറ്റുള്ളവർക്കുള്ള പോലെ അറിവുണ്ടാകണമെന്നില്ല. ആയതിനാൽ അവരെ പ്രത്യേകം ശ്രദ്ധിക്കാൻ അദ്ധ്യാപകർക്ക് ചുമതല നൽകേണ്ടതാണ്.
- പുഴയും വഞ്ചിയും കടന്ന് സ്കൂളിൽ വരുന്ന വിദ്യാർത്ഥികളിൽ ലൈഫ് ജാക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുവാൻ അവരെ ബോധവൽക്കരിക്കേണ്ടതാണ്.
- വീടുകളിലും ശുചിമുറികളിലും സൂക്ഷിച്ചിരിക്കുന്ന പാഠപുസ്തകങ്ങൾക്കും പഠന ഉപകരണങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും കനത്ത മഴയിൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ അദ്ധ്യാപകരും, രക്ഷകർത്താക്കളും കൈക്കൊണ്ടതാണ്.
- എല്ലാ സ്കൂളുകളിലും അടിയന്തിര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനും ബന്ധപ്പെടുന്നതിനും ഒരു സെൽ രൂപീകരിച്ച് ഒരു അധ്യാപകനെ സ്കൂൾ സുരക്ഷാ നോഡൽ ഓഫീസർ ആയി നിയമിക്കേണ്ടതാണ്. ഈ അധ്യാപകന്റെ പേര്, ഫോൺ നമ്പർ എന്നിവ സമ്പൂർണ്ണ പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
- എല്ലാ ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സെൽ രൂപീകരിച്ച് ഒരു നോഡൽ ഓഫീസറെ നിയമിക്കേണ്ടതാണ്. ഈ നോഡൽ ഓഫീസറുടെ ഫോൺ നമ്പർ പ്രസ്തുത ഓഫീസിന്റെ അധികാര പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും കൈമാറേണ്ടതാണ്. എല്ലാ സ്കൂളുകളിലും കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് നോഡൽ ഓഫീസർമാർ ഉറപ്പു വരുത്തേണ്ടതാണ്.
- ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അതാത് വിദ്യാഭ്യാസ ഉപഡയറക്ടർമാർ ജില്ലാതല നോഡൽ ഓഫീസർമാരായി പ്രവർത്തിക്കേണ്ടതാണ്.